Wednesday, August 12, 2009

അബുദാബിയില്‍ യുദ്ധവിരുദ്ധ സെമിനാര്‍ നടന്നു.

    ഹിരോഷിമ, നാഗസാക്കി ദിനങ്ങളെ ഓര്‍മ്മിച്ചുകൊണ്ട് ആഗസ്റ്റ് 7 ന് അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അബുദാബി കെ.എസ്.സി.യില്‍ നടന്നു. സെമിനാര്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും, സംസ്ഥാന ബാലവേദി കണ്‍‌വീനറുമായ ശ്രീ. രാജശേഖരന്‍ ഉല്‍ഘാടനം ചെയ്തു.

    ‘യുദ്ധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയം  രാജീവ് ചേലനാട്ടും, ‘യുദ്ധവും മാധ്യമങ്ങളും’ എന്ന വിഷയം ടി.പി.ഗംഗാധരനും അവതരിപ്പിച്ചു.  അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് ഷെഫീക് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ 35-പേര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വേലായുധന്‍, സുനീര്‍, ധനേഷ്, പ്രദോഷ്, ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ശാന്തിഗീതമാലപിക്കുകയും, വൈസ് പ്രസിഡണ്ട് മഹേഷ് നന്ദിയും പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി, വിവിധ പത്രങ്ങളില്‍ വന്ന യുദ്ധഭീകരതയുടെ ദൃശ്യങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.



Thursday, August 6, 2009

യുദ്ധ വിരുദ്ധ സെമിനാര്‍ - അബൂദാബിയില്‍


1945 ആഗസ്റ്റ് ആറിന് അമേരിക്കയുടെ “ലിറ്റില്‍ ബോയ്” എന്ന ഓമനപ്പേരില്‍
അറിയപ്പെടുന്ന ആറ്റം ബോംബ് ഹിരോഷിമയില്‍ 140,000 പേരേയും,
ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയില്‍ “ഷാറ്റ് മാന്‍” 80,000 പേരേയുമാണ്
നിമിഷനേരം കൊണ്ട് ചാരം പോലും അവശേഷിപ്പിക്കാതെ
ഭൂമുഖത്ത് നിന്ന് ആവിയാക്കി കളഞ്ഞത്,
ജന്തു സസ്യ ജാലങ്ങളുടെ കണക്കുകള്‍ പുറമെ...

ഈ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്
ആഗസ്റ്റ് 7 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്,
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്
യുദ്ധവിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കുന്നു.

യുദ്ധം തുടര്‍കഥയാവുകയും
യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും,
യുദ്ധമുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടിപ്പിടിക്കാന്‍
വെമ്പല്‍കൊള്ളുന്ന സാമ്രാജ്യത്വം വിഭവങ്ങള്‍ കുന്നുകൂട്ടുകയും
അതിനെതിരെ നില്‍ക്കുന്ന
രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക്
വലിച്ചിഴക്കുകയും ചെയ്യുന്നു.

ഇനിയൊരു യുദ്ധം വേണ്ട ...
ഹിരോഷിമകളിനി വേണ്ട ...
നാഗസാക്കികളിനി വേണ്ട ...
പട്ടിണികൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ ...
കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ ...
....
....
ഇനിവേണ്ട ഇനിവേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ ...


വിഷയാവതരണം :
1. രാജീവ് ചേലനാട്ട്  (യുദ്ധത്തിന്റെ രാഷ്ട്രീയം)
2. ടി.പി.ഗംഗാധരന്‍ (യുദ്ധവും മാധ്യമങ്ങളും)


സെമിനാറിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു...

അഭിവാദനങ്ങളൊടെ
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി,
അബൂദാബി ചാപ്റ്റര്‍.

പ്രസിഡണ്ട്
ഷഫീക്

കോര്‍ഡിനേറ്റര്‍
കുഞ്ഞൈല്ലത്ത് ലക്ഷ്മണന്‍


Wednesday, August 5, 2009

ബാലവേദി പ്രവര്‍ത്തക ക്യാമ്പ് - ഷാര്‍ജ.

ജൂലൈ 31-ന് നടന്ന ബാലവേദി പ്രവര്‍ത്തക ക്യാമ്പ്, യു.എ.യി-ലെ പരിഷത്ത്  പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പുത്തനൊരനുഭവമായിരുന്നു.  പ്രവര്‍ത്തകരെ ഇത്രമാത്രം ആവേശഭരിതമാക്കിയ പരിപാടി  ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ചരിത്രത്തിലാദ്യമാണ്.
35 പ്രവര്‍ത്തകരുമായി രാവിലെ 10 മണിക്കാരംഭിച്ച
ക്യാമ്പിന്  സംസ്ഥാന ബാലവേദി  കണ്‍‌വീനറായ രാജശേഖരന്‍ നേതൃത്വം നല്‍കി.
ബാലവേദി പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,  പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്, മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബാലവേദി പ്രവര്‍ത്തനം  നടത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ക്യാമ്പങ്ങളെ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് നജീം.കെ.സുല്‍ത്താന്‍ ലഘുപരീക്ഷണങ്ങളിലൂടെ  വലിയ ശാസ്ത്രതത്വങ്ങള്‍  ലളിതമായി ബോധ്യപ്പെടുത്തിയത് ക്യാമ്പങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.
കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്രാഭിരുചി വളര്‍ത്താനുതകുന്നവയുമായിരുന്നു ഈ  പരീക്ഷണങ്ങള്‍.
ഏകാഗ്രതയും ശ്രദ്ധയും അളക്കുവാനുള്ള ചില പ്രയോഗങ്ങളുമായാണ് ഉദയന്‍  കുണ്ടംകുഴിയെത്തിയത്. ചുരുങ്ങിയ ചില നമ്പറുകളിലൂടെ ക്യാമ്പങ്ങള്‍ക്ക് തങ്ങളുടെ  ഏകാഗ്രതയും ശ്രദ്ധയും എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞു. വായ്ത്താരികളും  നാടന്‍ പാട്ടുകളും എല്ലാ ക്യാമ്പങ്ങളും ആവേശത്തോടെ ഏറ്റുപാടി.

ഉച്ചക്ക്  ശേഷം നടന്ന ബാലവേദിയില്‍ 45 കൂട്ടുകാര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും യോഗത്തില്‍, ഡോഃഅബ്ദുള്‍ ഖാദര്‍ യുദ്ധം  വരുത്തിവെക്കുന്ന വിനകളെക്കുറിച്ചും, സമാധാനത്തിലൂന്നിയ ഒരു പുതുലോകത്തിനായി  നാമോരുരുത്തരും പ്രവര്‍ത്തിക്കേണ്ടതിനെ ക്കുറിച്ചും ഒരു ലഘുപ്രഭാഷണം നടത്തി. ജപ്പാനിലെ  ഹിരോഷിമ അണു ബോംബ് വര്‍ഷത്തിലെ രക്തസാക്ഷി സാഡാക്കോ സസാക്കിയുടെ കഥ  രാജശേഖരന്‍ പറഞ്ഞു കൊടുത്തത് കൂട്ടുകാര്‍ സാകൂതം കേട്ടിരിക്കുകയും, തുടര്‍ന്ന്  ശാന്തിഗാനം പാടിയപ്പോള്‍ എല്ലാവരും കൂടെ പാടി ... സമാധാനലോകത്തിനായി  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കയും ചെയ്തുകൊണ്ട് ആവേശകരമായ ബാലവേദി പ്രവര്‍ത്തക  ക്യാമ്പിന് സമാപനമായി.
വേനലവധിക്കാലത്ത് അബുദാബി കെ.എസ്.എസി. സംഘടിപ്പിച്ച കുട്ടികളുടെ ക്യാമ്പില്‍  പങ്കെടുക്കുവാനാണ് രാജശേഖരനും, നജീമും, ഉദയനും യു.എ.ഇ-യില്‍ എത്തിയത്.




Tuesday, July 28, 2009

ബാലവേദി പ്രവര്‍ത്തക ക്യാമ്പ്

സുഹൃത്തേ,

ബാലവേദി രംഗത്തെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി
ഒരു ബാലവേദി പ്രവര്‍ത്തക ക്യാമ്പ്
സംഘടിപ്പിക്കുന്ന വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍
ജൂലൈ 31നു വെള്ളിയാഴ്ച
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെ
നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്
പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും,
സംസ്ഥാന ബാലവേദി കണ്‍‌വീനറുമായ
ശ്രീ. രാജശേഖരനാണ്.

കൂടാതെ
ശ്രീ. നജീം.കെ.സുല്‍ത്താനും, ശ്രീ. ഉദയന്‍ കുണ്ടംകുഴിയും
ഈ ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതാണ്.

യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി
വൈകീട്ട് 3 മണി മുതല്‍ 5.30 മണി വരെ ബാലവേദിയും
5.30മുതല്‍ 6മണി വരെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.


പ്രവര്‍ത്തക ക്യാമ്പിലും, ബാലവേദിയിലും
താങ്കളുടെ മുഴുവന്‍ സമയ സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊണ്ട്.


പാരിഷത്തികാഭിവാദനങ്ങളോടെ !


പ്രസിഡണ്ട്,
മുഹമ്മദ് ഇക്ബാല്‍
050-8630977

കോ-ഓര്‍ഡിനേറ്റര്‍
ഐ.പി.മുരളി
050-6764556

Monday, July 13, 2009

ഷാര്‍ജ ചങ്ങാതിക്കൂട്ടം 2009





ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചങ്ങാതിക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെയാണവസാനിച്ചത്. കളിമൂല, ശാസ്ത്രമൂല, അഭിനയമൂല, കരകൌശലമൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു. തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതിക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ചങ്ങാത്ത വാര്‍ത്ത’, ’കുരുന്നു വേദി‘ എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാകര്‍ത്തക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ.സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്രപ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്രനിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.
Posted by Picasa

Wednesday, July 1, 2009

ഷാര്‍ജ ചങ്ങാതിക്കൂട്ടത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം


ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നണ് ബാലവേദി. കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കാനും അവരുടെ പഠനത്തില്‍ സഹായിച്ചുകൊണ്ട് കൂടുതല്‍ നല്ല അന്വേഷകരാകാനും, പരസ്പര സ്നേഹവും, ത്യാഗമനോഭാവവും വളര്‍ത്തി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശം നല്‍കാനും ബാലവേദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാസികളായ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ അന്യമായ ഒരു മേഖലയായണ് അനുഭവം. ഗള്‍ഫിലെ പ്രത്യേക സാഹചര്യങ്ങളില്‍ ബാലവേദി പ്രവര്‍ത്തനം വളരെ പരിമിതമാണ്, എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍, ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. സംഘടിപ്പിച്ചു വരുന്ന വേനലവധിക്കാലത്തെ ഏകദിന ബാലവേദി ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' ഇതിനകം തന്നെ രക്ഷിതാക്കളുടെയും, കുട്ടികളുടെയും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.







ചാള്‍സ് ഡാര്‍വ്വിന്റെ ഇരുനൂറാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന പുസ്തകത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികവും, ഗലീലിയോ ടെലിസ്കോപ്പിന്റെ നാനൂറാം വാര്‍ഷികവും, ഹോമി ജെ ഭാഭയുടെ നൂറാം ജന്മവാര്‍ഷികവും ജെ.സി.ബോസിന്റെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികവും ഒത്തുചേര്‍ന്ന് വരുന്ന 2009 ലെ ചങ്ങാതിക്കൂട്ടം ജൂലൈ 10 – ന് വെള്ളിയാഴ്ച്ച ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് രാവിലെ 9മുതല്‍ വൈകീട്ട് 5 വരെ നടത്തുകയാണ്.

ഡാര്‍വ്വിന്റെയും ഗലീലിയോയുടെയും കെപ്ലറുടെയും ഭാഭയുടെയും ഒക്കെ ജീവിതാനുഭവങ്ങളില്‍ നിന്ന്, ഇന്നു ശാസ്ത്രവും, സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുന്ന നിരവധി സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അവര്‍ നേരിട്ട വെല്ലുവിളികളുടെയും വിശദവിവരങ്ങള്‍ സമൂഹത്തിലെത്തിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടു ത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ ഇവരുടെ ശാസ്ത്ര സംഭാവനകള്‍ അക്കമിട്ടു കണാപ്പാഠം പഠിക്കുക മാത്രമായി നമ്മുടെ ശാസ്ത്രപഠനം ഒതുങ്ങിപോകാറുണ്ട്. അതിനപ്പുറം കടന്ന് അവര്‍ എങ്ങിനെയുള്ള മനുഷ്യരായിരുന്നു, അവര്‍ എങ്ങിനെയാണ് ശാസ്ത്രത്തിന്റെ വഴി തെരെഞ്ഞെടുത്തത്, അതില്‍ അവര്‍ നേരിട്ട എതിര്‍പ്പുകളും തടസ്സങ്ങളും എന്തൊക്കെയായിരുന്നു, അവരുടെ കണ്ടെത്തലുകളെ സമൂഹം എങ്ങിനെയാണ് സ്വീകരിച്ചത്, അവയെ അവര്‍ എങ്ങിനെ മറികടന്നു, അവരുടെ പ്രവര്‍ത്തനം സമൂഹത്തെ എങ്ങനെയാണ് മാറ്റിമറിച്ചത് എന്നിവയൊക്കെ ഈ രംഗത്തു മുന്നോട്ടുപോകാന്‍ ഓരോ ശാസ്ത്രകുതുകിയേയും സഹായിക്കുന്ന അറിവുകളാണ്.

... ചങ്ങാതിക്കൂട്ടത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം ...

ഈ ഏകദിന ബാലോത്സവത്തില്‍ പങ്കെടുക്കുവാനും,
കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
050-4550751 ഷോബിന്‍
050-4889076/06-5329014 അഞ്ജലി


Tuesday, June 9, 2009

അഞ്ചാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആമുഖം

കേരള ശാസ്ത്ര സഹിത്യ പരിഷത്തിന്റെ യു.എ.ഇ. ഘടകമായ ഫ്രണ്ട്സ് ഒഫ് കേരള
ശാസ്ത്രസഹിത്യ പരിഷത്തിന്റ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന
മുഴുവന്‍ പ്രവര്‍ത്തകരെയും സംഘടനാക്കമ്മിറ്റിക്കുവേണ്ടി അഭിവാദ്യം
ചെയ്യുന്നു.



ജോലി, വരുമാനം, നിയമ പരിമിതികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട ഗള്‍ഫ്
ജീവിതത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പരിമിതമാണെന്ന്
പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ സജീവതകളില്‍ പോലും,
ആയാസകരമായ വഴികള്‍ മാത്രം സാദ്ധ്യമായ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്ക്
വ്യാപാരാധിഷ്ഠിതമായ സമൂഹത്തിലെ ഇടപെടല്‍ സാധ്യതകള്‍ തീര്‍ത്തും
പരിമിതമാണ്. എങ്കിലും പഠന, ബാലവേദി, പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെ
യു.എ.ഇ-യിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യം അടയാളപ്പെടുത്താന്‍
പരിഷത്തിന് കഴിയുന്നുവെന്നത് ആഹ്ലാദകരമാണെന്ന് വിനയപൂര്‍വ്വം
രേഖപ്പെടുത്തട്ടെ.



സഹജീവികളുടെ അദ്ധ്വാനം ചൂഷണം ചെയ്ത്, സമ്പത്തിന്റെ ധാരളിത്തം
നിര്‍മ്മിച്ചെടുത്ത്, ഊഹക്കച്ചവടത്തിലഭിരമിക്കുന്ന സമ്പദ്‌വ്യവസ്ഥ ഇന്ന്
സ്വയം നിര്‍മ്മിച്ച പരിമിതികള്‍ക്കു മുന്‍പില്‍ പകച്ചു നില്‍ക്കുന്നു.
അദ്ധ്വാനിക്കുന്നവന്റെ നികുതി പണം കൊണ്ട് ഊഹക്കച്ചവടത്തിന്റെ, കൃത്യമായി
പറഞ്ഞാല്‍ ചൂതാട്ടത്തിന്റെ, നഷ്ടം നികത്തുന്ന വിചിത്രവും മനുഷ്യത്വ
രഹിതവുമായ ചികിത്സകള്‍ പോലും ഫലപ്രദമാകാത്ത വിധത്തില്‍ സമ്പദ്‌വ്യവസ്ഥ
മുതലക്കൂപ്പ്കുത്തുന്ന കാഴ്ച്ച ലോകം അമ്പരപ്പോടെ ദര്‍ശിക്കുന്നു.
പാപ്പരാകുന്ന സമ്പദ്‌വ്യവസ്ഥ തൊഴില്‍ മേഖലകളില്‍ ഏല്പിക്കുന്ന ആഘാതം
ചെറുതല്ല. യു.എ.ഇ-യിലും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രതിദിനം
വര്‍ദ്ധിക്കുകയാണ്. സ്വാഭാവികമായും മലയാളികളും പ്രതിസന്ധി നേരിടുന്നു.
സാമ്പത്തികമാന്ദ്യം സാമൂഹ്യ, സംഘടനാ പ്രവര്‍ത്തന ത്തേയും
നിര്‍ജ്ജീവമാക്കുന്നു. ഫലപ്രദമായ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന
വിപണികളില്‍ മാന്ദ്യത്തിന്റെ തോത് ഗണനീയമാം വിധം പരിമിതമാണെന്നത് സവിശേഷ
ശ്രദ്ധയര്‍ഹിക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍ സജീവസാന്നിദ്ധ്യമായ ഇന്ത്യന്‍
സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക മാന്ദ്യത്തെ ചെറുത്ത് നില്‍ക്കുന്നുവെന്ന
കാര്യം ഉദാഹരണം. എല്ലാം സ്വതന്ത്രമാക്കുന്ന, എല്ല്ലാത്തിനെയും
തുറന്നുവിടുന്ന വിപണിമൂലധന വ്യവസ്ഥ ശാശ്വതമല്ലെന്ന വീക്ഷണത്തിന്
യാഥാര്‍ത്ഥ്യത്തിന്റെ കൈയൊപ്പ്.



നാളിതുവരെയുള്ള മനുഷ്യചരിത്രം പ്രകൃതിയിലും, സമൂഹത്തിലുമുള്ള
ഇടപെടലുകളുടെയും മാറ്റിതീര്‍ക്കലിന്റെയുമാണ്. ഇടപെടലുകള്‍ക്കും,
നിര്‍മ്മിതികള്‍ക്കും, മാറ്റിത്തീര്‍ക്കലുകള്‍ക്കും ചാലക ശക്തിയാകുന്നത്
അറിവും അറിവിന്റെ കൃത്യമായ പ്രയോഗവു മാണ്. പഠനത്തിലൂടെയും
അനുഭവത്തിലൂടെയും മാത്രമേ അറിവ് സമാഹരിക്കാനാവൂ. ശ്രദ്ധാപൂര്‍വ്വമായ,
പഠനത്തിലൂന്നിയ സജീവ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് സംഘടനയേയും സമൂഹത്തേയും
പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. സാമൂഹീക ഇടപെടലുകള്‍ക്ക് പരിമിത മായ
തലത്തിലെങ്കിലും പ്രചോദനമാകുമെന്ന വിശ്വാസത്തോടെ, സജീവവും പാരിഷത്തീകവുമായ
ചര്‍ച്ചകളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്തുകൊണ്ട് 2008-09 പ്രവര്‍ത്തന
വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

Wednesday, June 3, 2009

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

സുഹൃത്തേ,

    ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ  ഈ വര്‍ഷത്തെ പരിപാടികള്‍ ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 ന്, പ്രമുഖ മലയാള ശാസ്ത്രസാഹിത്യകാരനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടും, മുന്‍ സെക്രട്ടറിയും ആയിരുന്ന, ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ.കെ.കെ.കൃഷ്ണകുമാര്‍  ഉല്‍ഘാടനം ചെയ്യുന്നു.

    ഉല്‍ഘാടന ചടങ്ങില്‍,  കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തന ത്തിനുള്ള പുരസ്ക്കാരത്തിന്  അര്‍ഹനായ പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും, ഇ-പത്രത്തില്‍ കോളമിസ്റ്റുമായ ശ്രീ. ഫൈസല്‍ ബാവയെ  അനുമോദിക്കുന്നു.

പരിപാടികള്‍

ജൂണ്‍ 5 വെള്ളിയാഴ്ച്ച, എമിരേറ്റ്സ് നാഷ്ണല്‍ സ്കൂള്‍ - ഷാര്‍ജ.

  • വൈകീട്ട് 3.00 മണി    : ബാലവേദിയും രക്ഷാകര്‍തൃ സംഗമവും
  • വൈകീട്ട് 6.00 മണി    : അനുമോദന യോഗം
  • വൈകീട്ട് 6.10  മണി    : പ്രഭാഷണം ‘ലോക പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍‍’ - കെ.കെ.കൃഷ്ണകുമാര്‍
  • വൈകീട്ട് 7.15  മണി    : ചര്‍ച്ച


സുഹൃത്തുക്കളോടൊപ്പമുള്ള  താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

പ്രസിഡണ്ട്                                                   കോ-ഓര്‍ഡിനേറ്റര്‍
മുഹമ്മദ് ഇക്ബാല്‍                                         മുരളി
050-86 30 977                                            050-67 64 556

Saturday, May 30, 2009

അഞ്ചാം വാര്‍ഷികം.


ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി., യു.എ.ഇ.ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം മെയ് 28,29 തിയ്യതികളിലായി ഷാര്‍ജ, എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ നടന്നു. പ്രസിഡണ്ട് അഡ്വഃ മാത്യു ആന്റണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനം സന്തോഷ് അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെ ആരംഭിച്ചു. പരിഷത്തിന്റെ മുന്‍‌കാല പ്രസിഡണ്ടും, സെക്രട്ടറിയും ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കെ.കെ.കൃഷ്ണകുമാര്‍ ഉല്‍ഘാടനം ചെയ്ത സമ്മേളനത്തില്‍ കോ-ഓര്‍ഡി നേറ്റര്‍ മുരളി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഹരിദാസ് വരവ്/ചെലവ് കണക്കും അവതരിപ്പിച്ചു.

വിവിധ എമിറേറ്റുകളില്‍ നിന്നായി എണ്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവര്‍
പ്രസിഡണ്ട് - മുഹമ്മദ് ഇക്ബാല്‍
വൈ.പ്ര – ഹരിദാസ്
കോ-ഓര്‍ഡിനേറ്റര്‍ - മുരളി
ജോഃകോ- സുനില്‍
ട്രഷറര്‍ - അനീഷ്.

Monday, May 25, 2009

അഞ്ചാം വാര്‍ഷികം

പ്രിയ സുഹൃത്തേ,
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ. ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം 2009മെയ് 28, 29 (വ്യാഴം, വെള്ളി) തിയ്യതികളിലായി ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുകയാണ്.
കേരള ശാസ്ത്രസാഹിത്യ സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ട്, മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും, പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. കെ.കെ.കൃഷ്ണകുമാര്‍ ആണ് ഈ വര്‍ഷം മാതൃസംഘടനയെ പ്രതിനിധീകരിച്ച് വാര്‍ഷികത്തില്‍ പങ്കെടുക്കുന്നത്.

വിവിധ എമിരേറ്റ്സുളില്‍നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെയും , അനുബന്ധപരിപാടികളുടെയും വിജയകരമായ നടത്തിപ്പിന് താങ്കളുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പാരിഷത്തികാഭിവാദനങ്ങളോടെ,

അഡ്വഃ മാത്യു ആന്റണി.
പ്രസിഡണ്ട്,
050-63 61 285

ഐ.പി.മുരളി.
കോ-ഓഡിനേറ്റര്‍,
050-67 64 556


സമ്മേളനത്തിന്റെ അനുബന്ധപരിപാടികളായി അബുദാബി, ദുബായ്, ഷാര്‍ജ എമിരേറ്റ്സുളില്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്.
ജൂണ്‍ 5 -ന് വൈകീട്ട് ഷാര്‍ജയില്‍ ബാലവേദി
ജൂണ്‍ 5 -ന് വൈകീട്ട് ദുബായില്‍ സെമിനാര്‍
ജൂണ്‍ 6 -ന് വൈകീട്ട് അബുദാബി കെ.എസ്.സി. യില്‍ സെമിനാര്‍

Sunday, February 22, 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവര്‍ത്തക ക്യാമ്പ്, അബുദാബി - 20-ഫെബ്രുവരി- 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, അബുദാബി യൂണിറ്റ് പ്രസിഡണ്ട് ലക്ഷ്മണന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രവര്‍ത്തകയോഗത്തില്‍ യു...ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വഃ മാത്യു ആന്റണി അദ്ധ്യക്ഷത വഹിച്ചു, ശ്രീ. തോമസ് വര്‍ഗ്ഗീസ്സ് ‘ആഗോള സാമ്പത്തിക പ്രതിസന്ധി’ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു കൊണ്ട് പ്രവര്‍ത്തക ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും ഇതുവരെ ആര്‍ക്കും കൃത്യമായി മനഃസ്സിലാക്കാന്‍ കഴിയാത്തരീതിയില്‍ സങ്കീര്‍ണ്ണമായതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളില്ലാതെ, സ്വകാര്യമേഖലയെ സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കൊടുത്തതും, ഊഹക്കച്ചവടവും, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അത്യാഗ്രഹവുമാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ സ്വകാര്യമേഖലക്ക് നിയന്ത്രണമുള്ള രാജ്യങ്ങളില്‍ ഈ പ്രതിസന്ധിയുടെ തോത് കുറവാണെന്ന് കാണാം, ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഈ പ്രതിസന്ധിയുടെ ആഘാതം കുറയാന്‍ കാരണമായത് ഇതാണ്. ആ‍ഗോളവല്‍ക്കരണത്തിന്റെ ഭാഗമായി, ലോകത്തിലെ ഏതൊരു മൂലയില്‍ നടക്കുന്ന ചെറുചലനങ്ങള്‍ പോലും മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ടുതന്നെ ഈ സാമ്പത്തിക പ്രതിസന്ധിയും ബാധിക്കാത്ത രാജ്യങ്ങളുണ്ടാവില്ല, ഓരോ രാജ്യവും പിന്തുടരുന്ന സാമ്പത്തിക നയത്തിനനുസൃതമായി അതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു പ്രാഥമിക ചികിത്സമാത്രമാണെന്നും ഇതിന്റെ മൂലകാരണത്തിനുള്ള ചികിത്സകൊടുത്ത് ശാശ്വതമായി പരിഹരിക്കാന്‍ മാനവസമൂഹത്തിന് കഴിയേണ്ടതാണെന്നും ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍‌കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച്, സംഘടനാക്കമ്മിറ്റിയഗം ഇക്ബാല്‍ വിശദീകരിച്ചത് പുതിയ പ്രവര്‍ത്തകര്‍ക്ക് സംഘടനയെ കൂടുതലറിയുന്നതിനു സഹായകരമായി. പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ (പരിഷത് വാര്‍ത്ത, ശാസ്ത്രഗതി മുതലായവ)പി.ഡി.എഫ്. രൂപത്തില്‍ കൃത്യമായി എത്തിക്കാനുള്ള സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് ക്യാമ്പഗംങ്ങള്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കൂടുതലാളുകളില്‍ പരിഷത് സന്ദേശമെത്തിക്കാനാവുമെന്നും അഭിപ്രായമുയര്‍ന്നു.

ലളിതമായ ഉച്ച ഭക്ഷണം ക്യാമ്പിന്റെ തനിമ വര്‍ദ്ധിപ്പിച്ചുവെന്ന് ഊണിനു ശേഷം പലരും അഭിപ്രായപ്പെട്ടു. അതു കാരണമാകാം ഉച്ചക്ക് ശേഷമുള്ള ക്ലാസ്സുകളിലും ക്യാമ്പഗംങ്ങള്‍ സജീവമായിതന്നെ കാണപ്പെട്ടത്.

ഷാജുവിന്റെ ഒരു കവിതാലാപനത്തോടെയാണ് ഉച്ചക്ക് ശേഷമുള്ള ക്യാമ്പ് തുടങ്ങിയത്. ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ ‘കണ്ണട’ യായിരുന്നു ഷാജു ആലപിച്ചത്. തുടര്‍ന്ന് ജോഷി, ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ആലപിച്ചു.

ഡാര്‍വിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ഡോഃഅബ്ദുള്‍ ഖാദര്‍ അവതരിപ്പിച്ച ക്ലാസ്സ് പുതിയരൊനുഭവമായി പ്രവര്‍ത്തകര്‍ക്ക്. അനവധി ചോദ്യങ്ങളും സംശയങ്ങളും പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഡാര്‍വിന്റെ പഠനങ്ങളും കണ്ടെത്തലുകളും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും അവയില്‍ കൂട്ടിചേര്‍ക്കലുകള്‍ ശാസ്ത്രലോകത്ത് നടക്കുകയാണെന്നും ഡോഃഖാദര്‍ പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിങ്ങിനെയുംക്കുറിച്ചുള്ള ക്ലാസ്സുകള്‍ ദിലീപും മുരളിയും ചേര്‍ന്നാണ് നടത്തിയത്. കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോഴുള്ള കാണാക്കുടുക്കുകളും ഉപ‌യോക്താവിനുണ്ടാകുന്ന അസ്വാതന്ത്ര്യവും പലര്‍ക്കും അറിവില്ലാത്ത കാര്യങ്ങളാണെന്ന് ക്യാമ്പഗംങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇന്നലെ വരെ ലോകത്ത് സ്വന്തമായി കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനമുള്ള (ഓപ്പറേറ്റിംങ്ങ് സിസ്റ്റം)ഏകരാജ്യം അമേരിക്കയായിരുന്നു, ഇതിനുള്ള കാരണം ഈ രംഗത്തുള്ള കമ്പനികളുടെ സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണമായിരുന്നു. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തോടെ ഈ അവസ്ഥക്ക് മാറ്റം വന്നിരിക്കയാണ്. ഇപ്പോ‍ള്‍ ഭാരതമുള്‍പ്പെടെ പലരാജ്യങ്ങളും സ്വന്തമായി പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കുന്ന ഘട്ടത്തിലാണ്, ഈ രംഗത്തെ സ്വാശ്രയത്വം, പുതിയ കരുത്തും ഊര്‍ജ്ജവും നല്‍കുവാന്‍ ഇന്ത്യപോലുള്ള മൂന്നാം ലോകരാജ്യങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം നല്‍കി.

ഓരോ ദിനവും കൂടുതല്‍ കൂടുതലാളുകള്‍ കമ്പ്യൂട്ടര്‍ ഉപയോക്തക്കാളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പ്രാദേശിക ഭാഷയിലുള്ള കമ്പ്യൂട്ടര്‍ ഉപയോഗത്തിന് പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്. മലയാളം വിക്കിപീഡിയ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംങ്ങ് പോലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം, മലയാളം ഭാഷാകമ്പ്യൂട്ടിങ്ങില്‍ പ്രശംസനീയമാണെന്നും, കൂടുതല്‍ പേര്‍ ഇത്തരം കൂട്ടായ്മകളോട് സഹകരിക്കണമെന്നും ക്യാമ്പഗങ്ങളോടഭ്യര്‍ത്ഥിച്ചു.

വിവിധ എമിറേറ്റുകളില്‍ നിന്നായി അമ്പത് പേര്‍ മുഴുവന്‍ സമയം ക്യാമ്പില്‍ പങ്കെടുത്തു. അബുദാബി യൂണിറ്റ് സെക്രട്ടറി സുനിലിന്റെ നന്ദി പ്രകടനത്തോടെ ക്യാമ്പ് അവസാനിച്ചു.

ക്യാമ്പവലോകനം:

പ്രീത നാരായണന്‍ (അദ്ധ്യാപിക, അബുദാബി): എല്ലാ ക്ലാസ്സുകളും വളരെ വിജ്ഞാനപ്രദം.

ഷാജി(അബുദാബി - പുതിയ‌അംഗം): വളരെ ഉപയോഗപ്രദമായ ഒരു വെള്ളിയാഴ്ച. ആദ്യമായാണ് പരിഷത്തിന്റെ ഒരു ക്യാമ്പില്‍ മുഴുവന്‍ സമയം ചിലവഴിക്കാനവസരം ലഭിച്ചത്. ക്ലാസ്സുകളുടെ വിഷയത്തിലുള്ള വൈവിധ്യം ഏറെ ആകര്‍ഷണമായി. പരിഷത്തിനെ അടുത്തറിയാന്‍ വളരെ സഹായിച്ചു.

ചിന്തു (ദുബായ്): പ്രവസജീവിതത്തില്‍ ഇത്തരം ഒരു കൂട്ടായ്മയുടെ അനിവാര്യത ബോധ്യപ്പെട്ടു ഈ ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ സംഘാടനത്തിന്റെ ഗൌരവവും ലാളിത്യവും മറ്റ് കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

അനീഷ് (ഷാര്‍ജ) : സമയക്കുറവ് ഒരു പോരായ്മയായി അനുഭവപ്പെട്ടു. സംഘടനാ ക്ലാസ്സ് വേണ്ടത്ര നിലവാരത്തിലേക്കുയര്‍ന്നില്ല. മറ്റ് ക്ലാസ്സുകളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി.

വിത്സന്‍ (ഷാര്‍ജ): ക്ലാസ്സുകളുടെ നിലവാരവും സംഘാടനവും നന്നായെങ്കിലും, ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിക്കാതിരുന്നത് ഒരു വലിയ കുറവായിക്കാണുന്നു.

ഈ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച അബുദാബി പ്രവര്‍ത്തകര്‍ക്കും, അബുദാബി കെ.എസ്.സി. ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങള്‍ !

പാരിഷത്തികാഭിവാദനങ്ങളോടെ !

.പി.മുരളി. കോ-ഓഡിനേറ്റര്‍ - ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു...ചാപ്റ്റര്‍

കൂടുതല്‍ ചിത്രങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://friendsofkssp.ning.com

Monday, February 16, 2009

പ്രവര്‍ത്തക ക്യാമ്പ് 2008-2009

പ്രിയ സുഹൃത്തേ,
ഈ വര്‍ഷത്തെ നമ്മളുടെ പ്രവര്‍ത്തക ക്യാമ്പ്
2009ഫെബ്രുവരി 20-നു
അബുദാബി കെ.എസ്.സി-യില്‍ വെച്ച്
രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുകയാണ്.
അബുദാബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന
ഈ ഏകദിന ക്യാമ്പില്‍ യു.എ.ഇ.യുടെ
വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
രാവിലെ നടക്കുന്ന വിഭാഗം സംഘടനാ പ്രവര്‍ത്തകര്‍ക്കായും
വൈകീട്ട് 2 മുതല്‍ 4 വരെ നടക്കുന്ന വിഭാഗം എല്ലാവര്‍ക്കുമായുമാണ്
സജ്ജമാക്കിയിരിക്കുന്നത്.
വൈകീട്ട് നടക്കുന്ന വിഭാഗത്തില്‍
‍സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിംങിനെയും
പരിചയപ്പെടുത്തുന്ന ക്ലാസ്സായിരിക്കും.
താങ്കളെയും സുഹൃത്തിനേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായും ബന്ധപ്പെടുക
സുനില്‍ +971-50-5810907
ലക്ഷ്മണന്‍ +971-50-7825809

Sunday, February 8, 2009

സമ്മാനദാനവും പ്രശ്നോത്തരിയും നടന്നു

ലോകപരിസര ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വിഭാഗവുമായിചേര്‍ന്ന് നടത്തിയ പ്രബന്ധരചനാമത്സരത്തിന്റെ സമ്മാനദാനം ഫെബ്രുവരി 6-ന്, ദുബായ് മുനിസിപ്പാലിറ്റി സ്റ്റാഫ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

വിവിധ എമിറേറ്റുകളിലെ 11 വിദ്യാലയങ്ങളില്‍ നിന്നും 256 കുട്ടികളുടെ പ്രബന്ധങ്ങളാണ് ലഭിച്ചത്. മൂന്ന് തലങ്ങളിലായി നടന്ന പരിശോധനയില്‍ നിന്നും 5 വിദ്യാര്‍ത്ഥികള്‍ക്ക് + ഗ്രേഡും, 10 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡും നല്‍കി.

സമ്മാനദാനത്തിനു മുന്നോടിയായി നടന്ന പ്രശ്നോത്തരിമത്സരത്തില്‍ 4 ടീമുകള്‍ പങ്കെടുത്തു. ഡോഃഅബ്ദുള്‍ഖാദര്‍ നയിച്ച പ്രശ്നോത്തരിയുടെ വിഷയം "Climate change - We are at a cross road" ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും ഒരേപോലെവിജ്ഞാനപ്രദമായ മത്സരത്തില്‍ Delhi Private School, Sharjah. യിലെ കൂട്ടുകാര്‍ കൂടുതല്‍മാര്‍ക്ക് നേടി ഒന്നാം സ്ഥാനം നേടി.

Sunday, February 1, 2009

സമ്മാന ദാനവും പ്രശ്നോത്തരിയും

സുഹൃത്തേ,

ജൂണ്‍ 5 ലോക പരിസര ദിനാചരണത്തിന്റെ ഭാഗമാ‍യി
ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.
യു...യിലെ സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ
പ്രബന്ധരചനാ മത്സരത്തിന്റെ സമ്മാനദാനം

ഫെബ്രുവരി 6 നു വൈകീട്ട് 5 മണിക്ക്
ദുബായ് മുനിസിപ്പാലിറ്റി സ്റ്റാഫ് ക്ലബ്ബില്‍ (ഗര്‍ഹൂദ്) വെച്ച് നടത്തുന്നു.

ഇതോടനുബന്ധിച്ച് വിവിധ സ്കൂളുകളില്‍ നിന്നും
തെരെഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
ഒരു പ്രശ്നോത്തരിയും സംഘടിപ്പിച്ചിരിക്കുന്നു.

വിഷയം : Climate change – we are at a cross road

താങ്കളെയും കൂട്ടുകാരെയും പരിപാടിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

പ്രസിഡണ്ട്
അഡ്വഃ മാത്യു ആന്റണി. (+971-50-6361285)

കോ-ഓഡിനേറ്റര്‍
.പി.മുരളി. (+971-50-6764556)

Sunday, January 4, 2009

ശാസ്ത്രവര്‍ഷം 2009

ശാസ്ത്രവര്‍ഷം 2009 പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ല ഒരു ബ്ലോഗ് തുടങ്ങി. ശാസ്ത്രവര്‍ഷം പരിപാടികളുടെ റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും വിവരങ്ങളും മറ്റും ബ്ലോഗില്‍ ലഭ്യമായിരിക്കും. 2009 ജനുവരി ഒന്നിന് ശാസ്ത്രവര്‍ഷം 2009 ന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുകയുണ്ടായി. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ആ പരിപാടിയുടെ വാര്‍ത്തകള്‍ ബ്ലോഗില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. scienceyear2009.blogspot.com എന്നതാണ് ബ്ലോഗ് വിലാസം.എല്ലാ ജില്ലകളിലും നടക്കുന്ന ശാസ്ത്രവര്‍ഷം പരിപാടികള്‍ ബ്ലോഗില്‍ പ്രവര്‍ത്തകര്‍ക്കു തന്നെ ഇടാവുന്നതാണ്. താത്പര്യമുള്ളവര്‍ എറണാകുളം ജില്ലാ പ്രവര്‍ത്തരുമായി ബന്ധപ്പെടുക. itpublic.in@gmail.com എന്ന വിലാസത്തില്‍ ഫോട്ടോ സഹിതമുള്ള വാര്‍ത്തകള്‍ അയക്കാവുന്നതാണ്.