Monday, December 20, 2010

ദുബായ് ചങ്ങാതിക്കൂട്ടം 2010



ജൈവവൈവിധ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും
പ്രാധാന്യം നല്‍കിക്കൊണ്ട്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്
യു.എ.ഇ-യിലെ കുട്ടികള്‍ക്കായി ഒരുക്കുന്ന
ദുബായ് ചങ്ങാതിക്കൂട്ടം 2010
ഡിസംബര്‍ 31 വെള്ളിയാഴ്ച
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ
ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിനു പുറത്തു നിന്നുകൊണ്ട്
കുട്ടികള്‍ക്ക് ഹൃദ്യമായ
കളികളിലൂടെയും, പാട്ടുകളിലൂടെയും ലഘുപരീക്ഷണങ്ങളിലൂടെയും
ശാസ്ത്രബോധത്തിലധിഷ്ഠിതമായ വ്യക്തിത്വ വികസനം
സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്
ലക്ഷ്യമിടുന്നത്.

ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്ന
തിരിച്ചറിവിലൂന്നിയ ഈ ചങ്ങാതിക്കൂട്ടത്തിലൂടെ
അറിവും നിരീക്ഷണവും ആയുധമാക്കി
വിജ്ഞാനത്തിന്റെയും ചിന്താശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക്
കൂട്ടുകാരേ നമുക്ക് ഒത്തൊരുമയോടെ മുന്നേറാം ...


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ശ്രീകുമാരി : 050-30 97 209
ഷാജി : 050-53 53 234
റിയാസ് : 050-39 51 755

3 comments:

Unknown said...

2010ലെ വർഷാന്ത്യം ദുബായിലെ സുഹൃത്തുക്കൾക്കും കുഞ്ഞുങ്ങൾക്കൊമൊപ്പം ‘ചങ്ങാതികൂട്ടം-2010‘ ൽ പങ്കെടുത്തു ആസ്വദിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദ്യാർത്ഥി കൂട്ടായ്മയായ ബാലവേദി അംഗമായി പല ക്യാമ്പുകളിൽ പങ്കെടുക്കുകയും പിന്നീട് പരിഷത് പ്രവർത്തകനായി പലതും സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള എനിക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഇവിടത്തെ ചങ്ങാതിക്കൂട്ടം. ഈയിടെ ദുബായിൽ എത്തിയ എനിക്ക് അതിശയമായിരുന്നു ആദ്യം തോന്നിയത്. അന്യനാട്ടിലെ പ്രതികൂല സാഹചര്യങ്ങളെയൊക്കെ തരണം ചെയ്ത്കൊണ്ട് ഇത് വിജയമാക്കി എന്നത് അതിശയം തന്നെയാണ്.

സമകാലീന പ്രാധാന്യമുള്ള വിഭവങ്ങൾ തെരഞ്ഞെടുക്കാനും അവ ഇവിടത്തെ കുഞ്ഞുങ്ങൾക്ക്, മനസിലുറയ്ക്കുന്ന തരത്തിൽതന്നെ പകർന്നു നൽകാനും കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന് നാട്ടിൽ ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ഞാൻ കരുതുന്ന യുവത്വം ഞാൻ ഇവിടെ അനുഭവിച്ചറിഞ്ഞു. ഇത്രയേറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ശാസ്ത്ര- നിരീക്ഷണ-കൌതുക-കളിക്കൂട്ടങ്ങളിലൂടെ കൈകാര്യം ചെയ്തതു മുഴുവൻ ഇവിടത്തെ പരിഷത് സുഹൃത്തുക്കൾ മാത്രമായിരുന്നു. ജൈവവൈവിധ്യ സന്ദേശം പകരുന്ന ഉദ്ഘാടന ഗാനവും അതിന്റെ കൂട്ടായ അവതരണവും, ജൂലൈ 4 ന് യു എ ഇയിൽ ദൃശ്യമാകുന്ന സൂര്യഗ്രഹണം കാണുവാനുള്ള സൌരകണ്ണട നിർമ്മാണവും, പൾപ് കൊണ്ടുള്ള പപ്പറ്റ് നിർമാണവും, ബയോ-കെമിക്കൽ ലാബ് തന്നെ സൃഷ്ടിച്ച് മൈക്രോ ഓർഗാനിസങ്ങളെ പരിചയപ്പെടുത്തിയതും രക്ത ഗ്രൂപ്പ് നിർണയം നടത്തിയതും ശാസ്ത്ര നേട്ടങ്ങൾ വിശദമാക്കിയ പ്രദർശനവും സ്വതന്ത്ര സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തിയതുമൊക്കെ ഗംഭീരമായി. കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ ദൃശ്യമായ സൂര്യന്റെ നിഴൽനാടകം കാണിക്കാൻ, ഭയന്നു വീട്ടിലിരുന്ന പഴയ തലമുറയെ വെല്ലുവിളിച്ച്കൊണ്ട് കേരളത്തിലെ മുഴുവൻ കുട്ടികളെയും പുറത്തിറക്കാൻ പരിഷത്തിന് കഴിഞ്ഞിരുന്നു. അതിന്റെ തുടർച്ചയെന്നോണം മലയാളി കുഞ്ഞുങ്ങൾ നിർമ്മിച്ച ഈ സൌരകണ്ണടയിലൂടെ അറബി നാട്ടിലെ വിദ്യാർത്ഥി സമൂഹത്തിനും കഴിയുമെന്നു നമുക്ക് പ്രത്യാശിക്കാം. പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര കലണ്ടർ കണ്ട് അതിശയത്തോടെ നിന്ന രക്ഷകർത്താവിനെയും ഞാനിവിടെ കണ്ടു. ലൈവ് ഫോട്ടോ പ്രദർശനവും കുട്ടികളുടെ പത്രനിർമാണവും കാണികളുടെ കമന്റിങും ഒക്കെ പരിപാടിയുടെ വൈവിധ്യമായിരുന്നു. ഒടുവിൽ വർഷാന്ത്യ സായാഹ്നം മലയാളത്തിന്റെ പ്രിയ കവി കാവാലം നാരായണപണിക്കർ സാറിനൊപ്പമുള്ള നിമിഷങ്ങളും നാടിന്റെ മണമറിഞ്ഞ സാംസ്കാരികത്തനിമയുണർത്തി.

കേരളത്തിൽ നിന്നും അകന്നു കഴിയുന്ന പരിഷത്തിന്റെ സുഹൃത്തുക്കൾക്ക് നാട്ടിലേക്കാൾ വിപുലമായി എന്നാൽ പാരിഷത്തികത തികച്ചും ചോർന്നു പോകാതെ തന്നെ ഊർജസ്വലമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. മാന്ത്രികവും മാജിക്കും ഒക്കെ ശാസ്ത്ര സത്യങ്ങളാണെന്നു തിരിച്ചറിയുന്ന, അന്ധവിശ്വാസവും അനാചാരങ്ങളും തൂത്തെറിയുന്ന, എങ്ങനെയെന്നും എന്തുകൊണ്ടെന്നും ചോദിക്കുന്ന, ചിന്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാൻ പരിഷത്ത് എന്നും ബാധ്യസ്തരാണ് എന്ന് ഈ കൂട്ടായ്മ തെളിയിക്കുന്നു. ശാസ്ത്രം അറിവ് ആണെന്നും അത് പ്രചരിപ്പിക്കാൻ യാതൊന്നും പ്രതിബന്ധങ്ങളാകില്ലെന്നും അത് ഓരോ പരിഷത് പ്രവർത്തകന്റെയും കടമയാണെന്നും എന്നെ ഒരിക്കൽകൂടി ഓർമപ്പെടുത്തി. ഇങ്ങനെയൊരു പരിപാടി വിജയിപ്പിക്കാൻ തങ്ങളുടെ തൊഴിൽ തിരക്കുകൾക്കിടയിലും അക്ഷീണം പ്രയത്നിക്കുന്ന വലിയൊരു കൂട്ടായ്മയുടെ ചിട്ടയായ കൂട്ടായ പാരിഷത്തിക പ്രവർത്തനങ്ങളും ഞാൻ കണ്ടു. ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ്.

ഐ.പി.മുരളി|i.p.murali said...

അരുണ്‍,
അഭിപ്രായത്തിനു നന്ദി..
ഒരു തിരുത്ത്
സൂര്യഗ്രഹണം ജൂലൈ നാലിനല്ല, ജനുവരി നാലിനാണേ...

Letter to Home said...

എല്ലാ വിധ ആശംസകളും നേരുന്നു
മുജീബ്‌
please visit my blog
www.vajanam.blogspot.com