Tuesday, July 28, 2009

ബാലവേദി പ്രവര്‍ത്തക ക്യാമ്പ്

സുഹൃത്തേ,

ബാലവേദി രംഗത്തെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി
ഒരു ബാലവേദി പ്രവര്‍ത്തക ക്യാമ്പ്
സംഘടിപ്പിക്കുന്ന വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍
ജൂലൈ 31നു വെള്ളിയാഴ്ച
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെ
നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്
പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും,
സംസ്ഥാന ബാലവേദി കണ്‍‌വീനറുമായ
ശ്രീ. രാജശേഖരനാണ്.

കൂടാതെ
ശ്രീ. നജീം.കെ.സുല്‍ത്താനും, ശ്രീ. ഉദയന്‍ കുണ്ടംകുഴിയും
ഈ ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നതാണ്.

യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി
വൈകീട്ട് 3 മണി മുതല്‍ 5.30 മണി വരെ ബാലവേദിയും
5.30മുതല്‍ 6മണി വരെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.


പ്രവര്‍ത്തക ക്യാമ്പിലും, ബാലവേദിയിലും
താങ്കളുടെ മുഴുവന്‍ സമയ സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊണ്ട്.


പാരിഷത്തികാഭിവാദനങ്ങളോടെ !


പ്രസിഡണ്ട്,
മുഹമ്മദ് ഇക്ബാല്‍
050-8630977

കോ-ഓര്‍ഡിനേറ്റര്‍
ഐ.പി.മുരളി
050-6764556

Monday, July 13, 2009

ഷാര്‍ജ ചങ്ങാതിക്കൂട്ടം 2009





ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചങ്ങാതിക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെയാണവസാനിച്ചത്. കളിമൂല, ശാസ്ത്രമൂല, അഭിനയമൂല, കരകൌശലമൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു. തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതിക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ചങ്ങാത്ത വാര്‍ത്ത’, ’കുരുന്നു വേദി‘ എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാകര്‍ത്തക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ.സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്രപ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്രനിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.
Posted by Picasa

Wednesday, July 1, 2009

ഷാര്‍ജ ചങ്ങാതിക്കൂട്ടത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം


ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നണ് ബാലവേദി. കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കാനും അവരുടെ പഠനത്തില്‍ സഹായിച്ചുകൊണ്ട് കൂടുതല്‍ നല്ല അന്വേഷകരാകാനും, പരസ്പര സ്നേഹവും, ത്യാഗമനോഭാവവും വളര്‍ത്തി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശം നല്‍കാനും ബാലവേദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാസികളായ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ അന്യമായ ഒരു മേഖലയായണ് അനുഭവം. ഗള്‍ഫിലെ പ്രത്യേക സാഹചര്യങ്ങളില്‍ ബാലവേദി പ്രവര്‍ത്തനം വളരെ പരിമിതമാണ്, എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍, ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. സംഘടിപ്പിച്ചു വരുന്ന വേനലവധിക്കാലത്തെ ഏകദിന ബാലവേദി ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' ഇതിനകം തന്നെ രക്ഷിതാക്കളുടെയും, കുട്ടികളുടെയും ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.







ചാള്‍സ് ഡാര്‍വ്വിന്റെ ഇരുനൂറാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന പുസ്തകത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികവും, ഗലീലിയോ ടെലിസ്കോപ്പിന്റെ നാനൂറാം വാര്‍ഷികവും, ഹോമി ജെ ഭാഭയുടെ നൂറാം ജന്മവാര്‍ഷികവും ജെ.സി.ബോസിന്റെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികവും ഒത്തുചേര്‍ന്ന് വരുന്ന 2009 ലെ ചങ്ങാതിക്കൂട്ടം ജൂലൈ 10 – ന് വെള്ളിയാഴ്ച്ച ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് രാവിലെ 9മുതല്‍ വൈകീട്ട് 5 വരെ നടത്തുകയാണ്.

ഡാര്‍വ്വിന്റെയും ഗലീലിയോയുടെയും കെപ്ലറുടെയും ഭാഭയുടെയും ഒക്കെ ജീവിതാനുഭവങ്ങളില്‍ നിന്ന്, ഇന്നു ശാസ്ത്രവും, സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുന്ന നിരവധി സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അവര്‍ നേരിട്ട വെല്ലുവിളികളുടെയും വിശദവിവരങ്ങള്‍ സമൂഹത്തിലെത്തിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടു ത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ ഇവരുടെ ശാസ്ത്ര സംഭാവനകള്‍ അക്കമിട്ടു കണാപ്പാഠം പഠിക്കുക മാത്രമായി നമ്മുടെ ശാസ്ത്രപഠനം ഒതുങ്ങിപോകാറുണ്ട്. അതിനപ്പുറം കടന്ന് അവര്‍ എങ്ങിനെയുള്ള മനുഷ്യരായിരുന്നു, അവര്‍ എങ്ങിനെയാണ് ശാസ്ത്രത്തിന്റെ വഴി തെരെഞ്ഞെടുത്തത്, അതില്‍ അവര്‍ നേരിട്ട എതിര്‍പ്പുകളും തടസ്സങ്ങളും എന്തൊക്കെയായിരുന്നു, അവരുടെ കണ്ടെത്തലുകളെ സമൂഹം എങ്ങിനെയാണ് സ്വീകരിച്ചത്, അവയെ അവര്‍ എങ്ങിനെ മറികടന്നു, അവരുടെ പ്രവര്‍ത്തനം സമൂഹത്തെ എങ്ങനെയാണ് മാറ്റിമറിച്ചത് എന്നിവയൊക്കെ ഈ രംഗത്തു മുന്നോട്ടുപോകാന്‍ ഓരോ ശാസ്ത്രകുതുകിയേയും സഹായിക്കുന്ന അറിവുകളാണ്.

... ചങ്ങാതിക്കൂട്ടത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം ...

ഈ ഏകദിന ബാലോത്സവത്തില്‍ പങ്കെടുക്കുവാനും,
കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
050-4550751 ഷോബിന്‍
050-4889076/06-5329014 അഞ്ജലി