Sunday, February 22, 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവര്‍ത്തക ക്യാമ്പ്, അബുദാബി - 20-ഫെബ്രുവരി- 2009

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, അബുദാബി യൂണിറ്റ് പ്രസിഡണ്ട് ലക്ഷ്മണന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പ്രവര്‍ത്തകയോഗത്തില്‍ യു...ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വഃ മാത്യു ആന്റണി അദ്ധ്യക്ഷത വഹിച്ചു, ശ്രീ. തോമസ് വര്‍ഗ്ഗീസ്സ് ‘ആഗോള സാമ്പത്തിക പ്രതിസന്ധി’ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു കൊണ്ട് പ്രവര്‍ത്തക ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും ഇതുവരെ ആര്‍ക്കും കൃത്യമായി മനഃസ്സിലാക്കാന്‍ കഴിയാത്തരീതിയില്‍ സങ്കീര്‍ണ്ണമായതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളില്ലാതെ, സ്വകാര്യമേഖലയെ സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കൊടുത്തതും, ഊഹക്കച്ചവടവും, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അത്യാഗ്രഹവുമാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ സ്വകാര്യമേഖലക്ക് നിയന്ത്രണമുള്ള രാജ്യങ്ങളില്‍ ഈ പ്രതിസന്ധിയുടെ തോത് കുറവാണെന്ന് കാണാം, ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഈ പ്രതിസന്ധിയുടെ ആഘാതം കുറയാന്‍ കാരണമായത് ഇതാണ്. ആ‍ഗോളവല്‍ക്കരണത്തിന്റെ ഭാഗമായി, ലോകത്തിലെ ഏതൊരു മൂലയില്‍ നടക്കുന്ന ചെറുചലനങ്ങള്‍ പോലും മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ടുതന്നെ ഈ സാമ്പത്തിക പ്രതിസന്ധിയും ബാധിക്കാത്ത രാജ്യങ്ങളുണ്ടാവില്ല, ഓരോ രാജ്യവും പിന്തുടരുന്ന സാമ്പത്തിക നയത്തിനനുസൃതമായി അതിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു പ്രാഥമിക ചികിത്സമാത്രമാണെന്നും ഇതിന്റെ മൂലകാരണത്തിനുള്ള ചികിത്സകൊടുത്ത് ശാശ്വതമായി പരിഹരിക്കാന്‍ മാനവസമൂഹത്തിന് കഴിയേണ്ടതാണെന്നും ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍‌കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച്, സംഘടനാക്കമ്മിറ്റിയഗം ഇക്ബാല്‍ വിശദീകരിച്ചത് പുതിയ പ്രവര്‍ത്തകര്‍ക്ക് സംഘടനയെ കൂടുതലറിയുന്നതിനു സഹായകരമായി. പരിഷത്ത് പ്രസിദ്ധീകരണങ്ങള്‍ (പരിഷത് വാര്‍ത്ത, ശാസ്ത്രഗതി മുതലായവ)പി.ഡി.എഫ്. രൂപത്തില്‍ കൃത്യമായി എത്തിക്കാനുള്ള സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് ക്യാമ്പഗംങ്ങള്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കൂടുതലാളുകളില്‍ പരിഷത് സന്ദേശമെത്തിക്കാനാവുമെന്നും അഭിപ്രായമുയര്‍ന്നു.

ലളിതമായ ഉച്ച ഭക്ഷണം ക്യാമ്പിന്റെ തനിമ വര്‍ദ്ധിപ്പിച്ചുവെന്ന് ഊണിനു ശേഷം പലരും അഭിപ്രായപ്പെട്ടു. അതു കാരണമാകാം ഉച്ചക്ക് ശേഷമുള്ള ക്ലാസ്സുകളിലും ക്യാമ്പഗംങ്ങള്‍ സജീവമായിതന്നെ കാണപ്പെട്ടത്.

ഷാജുവിന്റെ ഒരു കവിതാലാപനത്തോടെയാണ് ഉച്ചക്ക് ശേഷമുള്ള ക്യാമ്പ് തുടങ്ങിയത്. ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ ‘കണ്ണട’ യായിരുന്നു ഷാജു ആലപിച്ചത്. തുടര്‍ന്ന് ജോഷി, ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ആലപിച്ചു.

ഡാര്‍വിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ഡോഃഅബ്ദുള്‍ ഖാദര്‍ അവതരിപ്പിച്ച ക്ലാസ്സ് പുതിയരൊനുഭവമായി പ്രവര്‍ത്തകര്‍ക്ക്. അനവധി ചോദ്യങ്ങളും സംശയങ്ങളും പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഡാര്‍വിന്റെ പഠനങ്ങളും കണ്ടെത്തലുകളും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും അവയില്‍ കൂട്ടിചേര്‍ക്കലുകള്‍ ശാസ്ത്രലോകത്ത് നടക്കുകയാണെന്നും ഡോഃഖാദര്‍ പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിങ്ങിനെയുംക്കുറിച്ചുള്ള ക്ലാസ്സുകള്‍ ദിലീപും മുരളിയും ചേര്‍ന്നാണ് നടത്തിയത്. കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോഴുള്ള കാണാക്കുടുക്കുകളും ഉപ‌യോക്താവിനുണ്ടാകുന്ന അസ്വാതന്ത്ര്യവും പലര്‍ക്കും അറിവില്ലാത്ത കാര്യങ്ങളാണെന്ന് ക്യാമ്പഗംങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇന്നലെ വരെ ലോകത്ത് സ്വന്തമായി കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനമുള്ള (ഓപ്പറേറ്റിംങ്ങ് സിസ്റ്റം)ഏകരാജ്യം അമേരിക്കയായിരുന്നു, ഇതിനുള്ള കാരണം ഈ രംഗത്തുള്ള കമ്പനികളുടെ സോഫ്റ്റ്‌വെയര്‍ കുത്തകവല്‍ക്കരണമായിരുന്നു. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനത്തോടെ ഈ അവസ്ഥക്ക് മാറ്റം വന്നിരിക്കയാണ്. ഇപ്പോ‍ള്‍ ഭാരതമുള്‍പ്പെടെ പലരാജ്യങ്ങളും സ്വന്തമായി പ്രവര്‍ത്തക സംവിധാനം നിര്‍മ്മിക്കുന്ന ഘട്ടത്തിലാണ്, ഈ രംഗത്തെ സ്വാശ്രയത്വം, പുതിയ കരുത്തും ഊര്‍ജ്ജവും നല്‍കുവാന്‍ ഇന്ത്യപോലുള്ള മൂന്നാം ലോകരാജ്യങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം നല്‍കി.

ഓരോ ദിനവും കൂടുതല്‍ കൂടുതലാളുകള്‍ കമ്പ്യൂട്ടര്‍ ഉപയോക്തക്കാളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പ്രാദേശിക ഭാഷയിലുള്ള കമ്പ്യൂട്ടര്‍ ഉപയോഗത്തിന് പ്രസക്തി കൂടിക്കൊണ്ടിരിക്കുകയാണ്. മലയാളം വിക്കിപീഡിയ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംങ്ങ് പോലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം, മലയാളം ഭാഷാകമ്പ്യൂട്ടിങ്ങില്‍ പ്രശംസനീയമാണെന്നും, കൂടുതല്‍ പേര്‍ ഇത്തരം കൂട്ടായ്മകളോട് സഹകരിക്കണമെന്നും ക്യാമ്പഗങ്ങളോടഭ്യര്‍ത്ഥിച്ചു.

വിവിധ എമിറേറ്റുകളില്‍ നിന്നായി അമ്പത് പേര്‍ മുഴുവന്‍ സമയം ക്യാമ്പില്‍ പങ്കെടുത്തു. അബുദാബി യൂണിറ്റ് സെക്രട്ടറി സുനിലിന്റെ നന്ദി പ്രകടനത്തോടെ ക്യാമ്പ് അവസാനിച്ചു.

ക്യാമ്പവലോകനം:

പ്രീത നാരായണന്‍ (അദ്ധ്യാപിക, അബുദാബി): എല്ലാ ക്ലാസ്സുകളും വളരെ വിജ്ഞാനപ്രദം.

ഷാജി(അബുദാബി - പുതിയ‌അംഗം): വളരെ ഉപയോഗപ്രദമായ ഒരു വെള്ളിയാഴ്ച. ആദ്യമായാണ് പരിഷത്തിന്റെ ഒരു ക്യാമ്പില്‍ മുഴുവന്‍ സമയം ചിലവഴിക്കാനവസരം ലഭിച്ചത്. ക്ലാസ്സുകളുടെ വിഷയത്തിലുള്ള വൈവിധ്യം ഏറെ ആകര്‍ഷണമായി. പരിഷത്തിനെ അടുത്തറിയാന്‍ വളരെ സഹായിച്ചു.

ചിന്തു (ദുബായ്): പ്രവസജീവിതത്തില്‍ ഇത്തരം ഒരു കൂട്ടായ്മയുടെ അനിവാര്യത ബോധ്യപ്പെട്ടു ഈ ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ സംഘാടനത്തിന്റെ ഗൌരവവും ലാളിത്യവും മറ്റ് കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

അനീഷ് (ഷാര്‍ജ) : സമയക്കുറവ് ഒരു പോരായ്മയായി അനുഭവപ്പെട്ടു. സംഘടനാ ക്ലാസ്സ് വേണ്ടത്ര നിലവാരത്തിലേക്കുയര്‍ന്നില്ല. മറ്റ് ക്ലാസ്സുകളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി.

വിത്സന്‍ (ഷാര്‍ജ): ക്ലാസ്സുകളുടെ നിലവാരവും സംഘാടനവും നന്നായെങ്കിലും, ഭാവി പ്രവര്‍ത്തനരേഖ അവതരിപ്പിക്കാതിരുന്നത് ഒരു വലിയ കുറവായിക്കാണുന്നു.

ഈ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച അബുദാബി പ്രവര്‍ത്തകര്‍ക്കും, അബുദാബി കെ.എസ്.സി. ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങള്‍ !

പാരിഷത്തികാഭിവാദനങ്ങളോടെ !

.പി.മുരളി. കോ-ഓഡിനേറ്റര്‍ - ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു...ചാപ്റ്റര്‍

കൂടുതല്‍ ചിത്രങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://friendsofkssp.ning.com

Monday, February 16, 2009

പ്രവര്‍ത്തക ക്യാമ്പ് 2008-2009

പ്രിയ സുഹൃത്തേ,
ഈ വര്‍ഷത്തെ നമ്മളുടെ പ്രവര്‍ത്തക ക്യാമ്പ്
2009ഫെബ്രുവരി 20-നു
അബുദാബി കെ.എസ്.സി-യില്‍ വെച്ച്
രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുകയാണ്.
അബുദാബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന
ഈ ഏകദിന ക്യാമ്പില്‍ യു.എ.ഇ.യുടെ
വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
രാവിലെ നടക്കുന്ന വിഭാഗം സംഘടനാ പ്രവര്‍ത്തകര്‍ക്കായും
വൈകീട്ട് 2 മുതല്‍ 4 വരെ നടക്കുന്ന വിഭാഗം എല്ലാവര്‍ക്കുമായുമാണ്
സജ്ജമാക്കിയിരിക്കുന്നത്.
വൈകീട്ട് നടക്കുന്ന വിഭാഗത്തില്‍
‍സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിംങിനെയും
പരിചയപ്പെടുത്തുന്ന ക്ലാസ്സായിരിക്കും.
താങ്കളെയും സുഹൃത്തിനേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായും ബന്ധപ്പെടുക
സുനില്‍ +971-50-5810907
ലക്ഷ്മണന്‍ +971-50-7825809

Sunday, February 8, 2009

സമ്മാനദാനവും പ്രശ്നോത്തരിയും നടന്നു

ലോകപരിസര ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വിഭാഗവുമായിചേര്‍ന്ന് നടത്തിയ പ്രബന്ധരചനാമത്സരത്തിന്റെ സമ്മാനദാനം ഫെബ്രുവരി 6-ന്, ദുബായ് മുനിസിപ്പാലിറ്റി സ്റ്റാഫ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

വിവിധ എമിറേറ്റുകളിലെ 11 വിദ്യാലയങ്ങളില്‍ നിന്നും 256 കുട്ടികളുടെ പ്രബന്ധങ്ങളാണ് ലഭിച്ചത്. മൂന്ന് തലങ്ങളിലായി നടന്ന പരിശോധനയില്‍ നിന്നും 5 വിദ്യാര്‍ത്ഥികള്‍ക്ക് + ഗ്രേഡും, 10 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡും നല്‍കി.

സമ്മാനദാനത്തിനു മുന്നോടിയായി നടന്ന പ്രശ്നോത്തരിമത്സരത്തില്‍ 4 ടീമുകള്‍ പങ്കെടുത്തു. ഡോഃഅബ്ദുള്‍ഖാദര്‍ നയിച്ച പ്രശ്നോത്തരിയുടെ വിഷയം "Climate change - We are at a cross road" ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും ഒരേപോലെവിജ്ഞാനപ്രദമായ മത്സരത്തില്‍ Delhi Private School, Sharjah. യിലെ കൂട്ടുകാര്‍ കൂടുതല്‍മാര്‍ക്ക് നേടി ഒന്നാം സ്ഥാനം നേടി.

Sunday, February 1, 2009

സമ്മാന ദാനവും പ്രശ്നോത്തരിയും

സുഹൃത്തേ,

ജൂണ്‍ 5 ലോക പരിസര ദിനാചരണത്തിന്റെ ഭാഗമാ‍യി
ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.
യു...യിലെ സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ
പ്രബന്ധരചനാ മത്സരത്തിന്റെ സമ്മാനദാനം

ഫെബ്രുവരി 6 നു വൈകീട്ട് 5 മണിക്ക്
ദുബായ് മുനിസിപ്പാലിറ്റി സ്റ്റാഫ് ക്ലബ്ബില്‍ (ഗര്‍ഹൂദ്) വെച്ച് നടത്തുന്നു.

ഇതോടനുബന്ധിച്ച് വിവിധ സ്കൂളുകളില്‍ നിന്നും
തെരെഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
ഒരു പ്രശ്നോത്തരിയും സംഘടിപ്പിച്ചിരിക്കുന്നു.

വിഷയം : Climate change – we are at a cross road

താങ്കളെയും കൂട്ടുകാരെയും പരിപാടിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

പ്രസിഡണ്ട്
അഡ്വഃ മാത്യു ആന്റണി. (+971-50-6361285)

കോ-ഓഡിനേറ്റര്‍
.പി.മുരളി. (+971-50-6764556)