Saturday, June 21, 2008

ചങ്ങാതിക്കൂട്ടം - 2008 അബുദാബിയില്‍ നടന്നു



ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം ഇന്നലെ കാലത്ത് 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.




Friday, June 20, 2008

പ്രതിരോധവാക്‌സിന്‍ ഫാക്ടറികള്‍ പൂട്ടരുത്‌ : ഡോ.ബി. ഇക്‌ബാല്‍

ഇന്ത്യയിലെ പ്രമുഖ പ്രതിരോധ മരുന്നുല്‌പാദനകേന്ദ്രങ്ങളായ ചെന്നൈ ബി.സി.ജി. വാക്‌സിന്‍ ലാബ്‌, കുനൂള്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഹിമാചല്‍ പ്രദേശിലെ സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത്‌ കുത്തകകളെ സഹായിക്കുവാന്‍വേണ്ടിയാണെന്ന്‌, പൊതുമേഖലാ വാക്‌സിന്‍ കമ്പനികള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

വളരെ പെട്ടെന്നായിരുന്നു വാക്‌സിന്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്‌. ഒപ്പം നിലവിലുള്ള സ്റ്റോക്ക്‌ പുറത്തുവിടരുത്‌, മരുന്ന്‌ ഇനി നിര്‍മിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ലോക വ്യാപാര കരാറിനെ തുടര്‍ന്ന്‌ ഇന്ത്യയിലെ മരുന്ന്‌ വിപണി വിദേശ കുത്തകകള്‍ കീഴടക്കിക്കഴിഞ്ഞു. മരുന്നുകള്‍ക്ക്‌ വിലയുംകൂടി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വാക്‌സിനുകള്‍ക്ക്‌ വില കുറവാണ്‌. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ വാക്‌സിന്‍ വില തൊട്ടാല്‍ പൊള്ളുന്ന വിധത്തിലായിരിക്കും. കേരളത്തിലെയടക്കമുള്ള ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളുമായാണ്‌ ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോകുന്നത്‌.

നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം സംഭവിക്കാന്‍ പോകുകയാണ്‌-അദ്ദേഹം പറഞ്ഞു